Uncategorized

Come back story of Hari KS and Cleomed

Pinterest LinkedIn Tumblr

അവസാനമായി അയാൾ തന്റെ ഓഫീസിലേക്ക് പോകുകയാണ്, താൻ ഏറെ ആഗ്രഹിച്ചു ആരംഭിച്ച കമ്പനി പൂട്ടാൻ വേണ്ടിയാണ് ആ യാത്ര..

നന്നായി പോയിരുന്ന ബിസിനസ് ചില കണക്ക് കൂട്ടലുകൾ തെറ്റിയപ്പോൾ ആകെ തകിടം മറിഞ്ഞു, അതേ സമയം തന്നെ ഭാര്യയുടെ ഡെലിവറിയും. എല്ലാംകൂടി ഒരുമിച്ച് വന്നപ്പോൾ അയാൾ പിടിച്ചു നിൽക്കാൻ സകല വഴികളും നോക്കി

ഉണ്ടായിരുന്ന രണ്ട് കാറും വിറ്റു, എറണാകുളത്തു ഉണ്ടായിരുന്ന വലിയ ഓഫീസ് പൂട്ടി, ആകെ 1500 രൂപയും ഒരു പഴയ സ്‌കൂട്ടറും മാത്രമാണ് കയ്യിൽ അവശേഷിക്കുന്നത്. ഇനി ഒന്ന് കൂടി പൂട്ടാനുണ്ട്, തന്റെ സ്വദേശമായ കൊല്ലം ജില്ലയിലെ നിർമ്മാണ യൂണിറ്റ്.

കമ്പനി അടച്ചു പൂട്ടുവനായി അദ്ദേഹവും അവസാനം ഉണ്ടായിരുന്ന ഒരു സ്റ്റാഫും പുറത്തിറങ്ങി. എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ട ആ മനുഷ്യൻ അവസാനമായി കമ്പനിയെ ഒന്നുകൂടി നോക്കി.

നിറഞ്ഞ കണ്ണുകളോടെ അവസാനം ഉണ്ടായിരുന്ന ആ വനിതാ സ്റ്റാഫ്‌, അവരെ അദ്ദേഹം ചേച്ചി എന്നാണ് വിളിച്ചിരുന്നത്, അദ്ദേഹത്തോട് ചോദിച്ചു

സാർ പൂട്ടുകയാണ് അല്ലേ..

അവർ അദ്ദേഹത്തോട് പറഞ്ഞു, ഈ ജോലിയായിരുന്നു എന്റെ ഏക വരുമാനം. ഭർത്താവിന് സുഖമില്ല, ജോലിക്ക് പോകാൻ പറ്റില്ല മകളുടെ വിവാഹം കഴിഞ്ഞു അതിൽ ഒരുപാട് കടമുണ്ട്, ഇളയ മകൻ പഠിക്കുന്നു ജോലിയൊന്നും ആയിട്ടുമില്ല..

ഞാൻ ഇനിയെങ്ങനെ ജീവിക്കും, എന്റെ കുടുംബത്തിന് റേഷനരി വാങ്ങാൻ പോലും പൈസ ഇല്ലല്ലോ സാറെ.. ഞാൻ സാറിന്റെ വീട്ടിലേക്ക് വീട്ടുജോലിക്ക് വന്നുകൊള്ളട്ടെ, വൈഫിന്റെ ഡെലിവറി ഒക്കെ വരികയല്ലേ, വീട്ടിൽ ധാരാളം ജോലികൾ ഉണ്ടായിരിക്കും, ഞാൻ അതൊക്കെ ചെയ്തുകൊള്ളാം.. അവർ നിറ കണ്ണുകളോടെ കൈ കൂപ്പി നിൽക്കുകയാണ്..

ഒരു നിമിഷം അദ്ദേഹവും ആകെ സ്തംഭിച്ചു നിന്നുപോയി, ഇത്രയും കേട്ടപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ എവിടെയോ ഒരു തീപ്പൊരി പുകഞ്ഞു തുടങ്ങിയിരുന്നു..

രണ്ടും കല്പിച്ചു അദ്ദേഹം ചാവി തിരിച്ചു അവരുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ചേച്ചി നാളെയും വന്നു കമ്പനി തുറക്കുക.. ബാക്കിയൊക്കെ നമ്മൾക്ക് വരുന്നിടത്തു വച്ചു കാണാം. അവർ പ്രതീക്ഷയോടെ ചാവിയും വാങ്ങി പോയി..

അദ്ദേഹം പോക്കറ്റിൽ നോക്കി, 1500 രൂപയുണ്ട് ഒരു പഴയ സ്‌കൂട്ടറും ഉണ്ട്. ഇത് വച്ചു താൻ എന്ത് ചെയ്യാനാണ്, പക്ഷെ എന്ത് ചെയ്തിട്ട് ആണെങ്കിലും താൻ തിരിച്ചു വന്നിരിക്കും എന്നൊരു വാശി അദ്ദേഹത്തിന്റെ ഉള്ളിൽ തിരയടിച്ചു തുടങ്ങിയിരുന്നു..

കുറച്ചു പണം സംഘടിപ്പിച്ചേ പറ്റു, അതിനുള്ള വഴി എന്താണെന്ന് അദ്ദേഹം ചുറ്റും കണ്ണോടിച്ചു, സ്വന്തം പറമ്പിൽ കുറച്ചു പാഴ്മരങ്ങൾ നിൽപ്പുണ്ട്, അദ്ദേഹം ഒരു കച്ചവടക്കാരനെ വിളിച്ചു അത് മുറിച്ചു കൊണ്ടുപോകാൻ ഏർപ്പാടാക്കി.

അങ്ങനെ ഇപ്പോൾ കയ്യിൽ 56500 രൂപയുണ്ട്..

വീണ്ടും മുന്നിൽ ഇരുട്ട് മാത്രം, എത്ര ആലോചിച്ചിട്ടും മറ്റ് വഴികൾ ഒന്നും കാണുന്നില്ല.. അതുകൊണ്ട് തന്നെ പിന്നീടുള്ള രണ്ട് ദിവസവും അദ്ദേഹം കമ്പനിയിൽ പോയിരുന്നില്ല..

മൂന്നാം പക്കം കമ്പനിയിൽ ചെന്ന അദ്ദേഹം കാണുന്നത് ആ ചേച്ചി അവിടെ ഉണ്ടായിരുന്ന പഴയ സാധനങ്ങൾ ഒക്കെ വൃത്തിയാക്കി വച്ചിരിക്കുന്നതാണ്. അദ്ദേഹം ഉടനെ തന്നെ അതെല്ലാം ആക്രി വിലക്ക് വിറ്റു. അങ്ങനെ ഒരു 3 ലക്ഷം കൂടി കയ്യിൽ വന്നു.

അവിടെ നിന്ന് ആ കമ്പനി പിന്നെയും പ്രവർത്തനം ആരംഭിച്ചു, ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടു കോടികളുടെ കടബാധ്യതയുമായി ജപ്തിയുടെ വക്കിൽ എത്തിയവന് പിന്നെ എന്തിനെ പേടിക്കാനാണ്.

1500 ൽ നിന്ന് 56500, അവിടെ നിന്ന് 356500 ലേക്ക്.. ഒരു സ്റ്റാഫും manufacturing യൂണിറ്റും പിന്നെ രണ്ടും കല്പ്പിച്ചു പോരാടാൻ ഉള്ള ഒരു മനസുമായി അയാൾ ഒരിക്കൽ കൂടി തന്റെ കമ്പനിയെ നോക്കി നിന്നു.

ആശുപത്രികളിൽ ഓപ്പറേഷൻ ചെയ്യുന്ന രോഗികൾക്ക് ധരിക്കാൻ നൽകുന്ന Surgerical Garments ന്റെ നിർമ്മാണവും വിതരണവും ആയിരുന്നു അവിടെ നടന്നിരുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ യൂണിറ്റ് കൂടിയായിരുന്നു അത്.

തന്റെ പഴയ സ്‌കൂട്ടറിൽ അദ്ദേഹം ഒരിക്കൽ കൂടി ആശുപത്രികളിൽ കയറിയിറങ്ങി, ചെറിയ രീതിയിൽ വീണ്ടും കച്ചവടം വന്നു തുടങ്ങി, ബാങ്കിൽ പണയം വച്ചിരുന്ന ഒരു പ്രമാണം തിരിച്ചെടുത്തു. പിന്നീട് അങ്ങോട്ട് മാസങ്ങളോളം വിശ്രമം ഇല്ലാത്ത ഓട്ടങ്ങൾ, ഒടുവിൽ Kerala Financial Cooperation ൽ നിന്നും ഒരു ലോൺ പാസായി, കമ്പനിയിൽ വരവ് വർധിച്ചു വരുന്നുണ്ടായിരുന്നു.

അങ്ങനെ 8 മാസങ്ങൾ പിന്നിട്ടപ്പോൾ അവർ കൂടുതൽ തുക ലോൺ അനുവദിച്ചു. വീണ്ടും കൂടുതൽ സ്റ്റാഫിനെ എടുത്തു കമ്പനി മുഴുവനായി വീണ്ടും പ്രവർത്തനം ആരംഭിച്ചു..

അദ്ദേഹത്തിന്റെ ഉള്ളിലെ തീപ്പൊരി അപ്പോഴേക്കും ആളി കത്താൻ തുടങ്ങിയിരുന്നു. പണ്ട് ഉണ്ടായിരുന്നതിനേക്കാൾ ഉയരത്തിൽ തന്റെ കമ്പനിയെ എത്തിക്കാൻ അദ്ദേഹം പരിശ്രമം തുടർന്നു.

അതിനിടയിൽ അദ്ദേഹം KSG യിൽ വരികയും തന്റെ സംരംഭത്തെ ഒരു startup ആക്കി മാറ്റാൻ കഴിയുമെന്നും കണ്ടെത്തി. തുടർന്ന് KSG അംഗങ്ങളുടെ സഹകരണത്തോടെ Startup ആയി രജിസ്റ്റർ ചെയ്യപ്പെട്ടു.

അതിനെ തുടർന്ന് സർക്കാർ തന്നെ തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ Advanced Virology Institute ൽ 1000 sq.ft ഓഫീസ് റിസർച്ച് ലാബിന് വേണ്ടി അനുവദിച്ചു. തീർന്നില്ല, ഒരു ഇൻവെസ്റ്ററെ ലഭിക്കാൻ എന്താണ് നല്ല മാർഗ്ഗം..

നമ്മുടെ ആശയം ചെറിയ രീതിയിൽ എങ്കിലും പ്രവർത്തിച്ചു കാണിക്കണം, അതിന് ഉപഭോക്താക്കൾ ഉണ്ടെന്ന് കണ്ടാൽ ഇൻവെസ്റ്റർ നമ്മളെ തേടി വരും.. അപ്പോ പിന്നെ ഇങ്ങനെ ഒരു തിരിച്ചു വരവിൽ പഴയതിലും വളർച്ച ഉണ്ടാക്കിയ ആളാണെങ്കിലോ.. ഒരുപാട് investors, വിതരണം ഏറ്റെടുക്കാൻ ആളുകൾ…

വർഷങ്ങൾക്ക് ശേഷം ഇന്ന് CleoMed എന്ന പൂട്ടി പോകാൻ തുടങ്ങിയ Startup ന്റെ valuation 17 കോടിയാണ്. കഴിഞ്ഞ മാർച്ച്‌ 19നു നവീകരിച്ച യൂണിറ്റിന്റെ ഉത്ഘാടനവും പുതിയ പ്രോഡക്റ്റുകളുടെ launch എന്നിവ നടത്തപ്പെടുക ഉണ്ടായി..

ഫോട്ടോയിൽ പിന്നിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ആളാണ് നമ്മുടെ കഥയിലെ നായകൻ.

Hari K.S – Managing Director CleoMed Medical Systems Pvt. Ltd…

മുന്നിൽ ഇരിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച മിനി ചേച്ചിയും മകനും മകളും.

തീർന്നിട്ടില്ല.. കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന അടുത്ത സംരംഭത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം…

തിരിച്ചു വരവുകൾക്ക് ഒരു പ്രിത്യേക ഭംഗിയാണ്… എത്ര എഴുതിയാലും മതി വരില്ല…

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.